ഹിമാചൽപ്രദേശിൽ കനത്ത മഴ; മരണസംഖ്യ 125 ആയി ഉയർന്നു
Monday, July 21, 2025 12:54 PM IST
കുളു: ഹിമാചൽപ്രദേശിൽ കനത്തമഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ 125 പേർ മരിച്ചു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വൈദ്യുതാഘാതം, കെട്ടിടങ്ങൾ തകരൽ തുടങ്ങിയ ദുരന്തങ്ങളിൽപ്പെട്ട് 70പേരും റോഡപകടങ്ങളെ തുടർന്ന് 55 പേരും മരിച്ചു.
ജൂൺ 20 മുതലുള്ള കണക്കാണ് പുറത്തുവിട്ടത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) പ്രകാരം തിങ്കളാഴ്ച രാവിലെ വരെ 468 റോഡുകൾ തകർന്നു. 676 ജലവിതരണ പദ്ധതികൾ തടസപ്പെട്ടു. 1,199 ട്രാൻസ്ഫോർമറുകൾ തകരാറിലായി.
മാണ്ഡി, കാംഗ്ര, കുളു, ചമ്പ തുടങ്ങിയ ജില്ലകളാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മാണ്ഡിയിൽ മാത്രം 310 റോഡുകളും 390 ട്രാൻസ്ഫോർമറുകളും തകരാറിലായി. അതേസമയം, കംഗ്രയിൽ 595 ജലപദ്ധതികൾ തകരാറിലായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജൂലൈ 20ന് മാത്രം ആറ് പേർ മരിച്ചു. റോഡ് അപകടങ്ങളെ തുടർന്ന് ഒരാൾ ഹാമിർപൂരിലും രണ്ട് പേർ കാംഗ്രയിലും മൂന്ന് പേർ ഷിംലയിലും മരിച്ചു.
അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. മേഖലയിലുടനീളം മഴ തുടരുമെന്ന് പ്രവചിക്കുന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്.