സത്യത്തിനൊപ്പം നില്‍ക്കണം; പൈലറ്റുമാരെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ടിൽ പാശ്ചാത്യ മാധ്യമങ്ങൾക്കെതിരേ വ്യോമയാനമന്ത്രി
Monday, July 21, 2025 2:15 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ രാജ്യസഭയില്‍ മറുപടിയുമായി വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു. സത്യത്തിനൊപ്പം നില്‍ക്കണമെന്നും അന്തിമ റിപ്പോര്‍ട്ടിന് ശേഷമേ നിഗമനങ്ങളില്‍ എത്താവൂവെന്നും മന്ത്രി പറഞ്ഞു.
അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തിയുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പാശ്ചാത്യ മാധ്യമങ്ങളെ നായിഡു വിമർശിച്ചു. അപകടം സംബന്ധിച്ച് സ്വന്തമായി വിവരങ്ങൾ നൽകാനാണ് അവർ ശ്രമിക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അപകടത്തിന്റെ കൃത്യമായ കാരണങ്ങൾ അന്തിമ അന്വേഷണ റിപ്പോർട്ടിൽ പുറത്തുവരും. അന്താരാഷ്ട്ര വ്യോമയാന പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പൂർണ സുതാര്യതയോടെയാണ് ഇക്കാര്യം കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യോമയാന മേഖലയിൽ സുരക്ഷാനടപടികൾ വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തലുകൾ നിർദേശിക്കുന്നതിനുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കീഴിൽ ഒരു ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് നായിഡു പാർലമെന്റിനെ അറിയിച്ചു. അന്താരാഷ്ട്രതലത്തിലുള്ള മികച്ച സംവിധാനങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കമ്മിറ്റി മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളുടെ കുടുംബത്തിനും യാത്രക്കാർക്ക് നൽകുന്ന അതേ സഹായധനം തന്നെ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.