വനിതാ ചെസ് ലോകകപ്പ്; ദിവ്യ ദേശ്മുഖ് ഫൈനലിൽ
Thursday, July 24, 2025 1:10 AM IST
ബാത്തുമി: വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യൻ താരം ദിവ്യ ദേശ്മുഖ് ഫൈനലിൽ. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. (1.5-0.5).
രണ്ടാം ഗെയിമിലാണ് ചൈനീസ് താരത്തെ ദിവ്യ ദേശ്മുഖ് കീഴടക്കിയത്. ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. വെള്ളക്കരുക്കളുമായാണ് രണ്ടാം ഗെയിമിൽ ദിവ്യ എതിരാളിയെ നേരിട്ടത്. ആദ്യമായാണ് ഇന്ത്യൻതാരം ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്നത്.
ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ഗ്രാന്റ്മാസ്റ്റർ ലെയ് ടിൻജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലിൽ നേരിടുക. ഹംപിയും ടിൻജിയും തമ്മിലുള്ള സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായിരുന്നു.
ഇതോടെ വ്യാഴാഴ്ച നടക്കുന്ന ടൈ ബ്രേക്കറിലൂടെ വിജയിയെ തീരുമാനിക്കും.