അപ്രതീക്ഷിത രാജി; ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ നേതാക്കളുടെ ശ്രമം
Thursday, July 24, 2025 3:14 AM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവച്ച ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ചയ്ക്ക് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, എന്‍സിപി (എസ്പി) നേതാവ് ശരദ് പവാര്‍ തുടങ്ങിയവര്‍ ധന്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച അനുമതി തേടിയിരുന്നു.
എന്നാല്‍ അദ്ദേഹം കൂടിക്കാഴ്ചയ്ക്കായുള്ള അനുമതി നല്‍കിയിട്ടില്ലെന്നാണ് സൂചന. അതേസമയം ജഗ്ദീപ് ധൻകർ ഔദ്യോഗിക വസതി ഒഴിയാൻ നീക്കം ആരംഭിച്ചു. തിങ്കളാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജിക്കത്ത് നൽകിയപ്പോൾ തന്നെ വസതി ഒഴിയാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു.
2024 ഏപ്രിലിലാണ് ധൻകർ പാർലമെന്റ് മന്ദിരത്തിനു സമീപം ചർച്ച് റോഡിൽ പുതുതായി പണികഴിപ്പിച്ച ഉപരാഷ്ട്രപതിയുടെ വസതിയിലേക്ക് മാറിയത്. സെൻട്രൽ വിസ്ത പദ്ധതിക്കു കീഴിൽ നിർമിച്ചതാണ് കെട്ടിടം. 15 മാസത്തോളം അദ്ദേഹം ഇവിടെ താമസിച്ചു.
ഉപരാഷ്ട്രപതിയായി 2027 വരെ കാലാവധി ഉണ്ടായിരുന്നപ്പോഴാണ് ധൻകറിന്റെ അപ്രതീക്ഷിത രാജി.