ശബരിമലയിലേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്. അജിത് കുമാറിനെതിരെ നടപടിക്ക് ഡിജിപിയുടെ ശിപാര്‍ശ
Thursday, July 24, 2025 7:57 PM IST
തിരുവനന്തപുരം: ശബരിമലയിലെ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം.ആര്. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി. സംഭവത്തില്‍ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് നല്കി.
നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണെന്നാണ് വിവരം.
ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയോടെയാകും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയക്കുക. കഴിഞ്ഞ തിങ്കളാഴ്ചയാണ് പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.
ശാരീരികമായ വയ്യായ്കയും കാലു വേദനയും ഉള്ളതിനാല്‍ സന്നിധാനത്തേക്ക് പോകുന്ന വഴിയ്ക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രാക്ടറില്‍ കയറുകയായിരുന്നു എന്നാണ് എം.ആര്. അജിത് കുമാര്‍ വിശദീകരണം നല്‍കിയിരുന്നത്.
എന്നാല്‍ അജിത് കുമാറിന്റെ വിശദീകരണം ന്യായീകരിക്കാവുന്നതല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ട്രാക്ടര്‍ യാത്രയുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും ഡിജിപി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവറെ കുറ്റക്കാരനാക്കിയാണ് പമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.