ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം; സഹതടവുകാരുടെ മൊഴി ഇന്നെടുക്കും
Sunday, July 27, 2025 8:17 AM IST
കണ്ണൂർ: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട കേസിൽ സഹതടവുകാരുടെ മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും. ജയിൽ ചാടാനുള്ള ആസൂത്രണത്തിൽ സഹതടവുകാരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ഇയാൾക്ക് ലഭിച്ചോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുക.
ശനിയാഴ്ച അന്വേഷണ സംഘം കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരിൽ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സെന്‍ട്രല്‍ ജയിലിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്.
അതേസമയം ജയിൽ ചാട്ടത്തിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തിൽ ജയിൽ മേധാവി വ്യക്തമാക്കിയിരുന്നു.