പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; കർഷകന് ദാരുണാന്ത്യം
Sunday, July 27, 2025 11:57 AM IST
പാലക്കാട്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പാലക്കാട്ടുണ്ടായ സംഭവത്തിൽ കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ തേങ്ങ നോക്കാൻ പോയപ്പോഴാണ് അപകടമുണ്ടായത്.
ഞായറാഴ്ച രാവിലെ ഏഴിന് തോട്ടത്തിലേക്ക് പോയ മാരി മുത്തുവിനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
തെങ്ങിൻ തോട്ടത്തിലെ മോട്ടോര്‍ പുരയിലേക്ക് കണക്ഷനെടുത്ത വൈദ്യുതി ലൈൻ പൊട്ടിവീണതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.