ഹരിദ്വാറിലെ ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറുപേര്‍ക്ക് ദാരുണാന്ത്യം
Sunday, July 27, 2025 1:21 PM IST
ഡെറാഡൂണ്‍: ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ക്ക് ദാരുണാന്ത്യം. പ്രധാന ക്ഷേത്രത്തിലേക്കുള്ള റോഡിലെ പടിക്കെട്ടിലാണ് തിക്കും തിരക്കുമുണ്ടായത്. പരിക്കേറ്റ മുപ്പത്തഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്ഷേത്രത്തില്‍ വലിയ ജനക്കൂട്ടം എത്തിച്ചേര്‍ന്നതിന് പിന്നാലെയാണ് തിക്കും തിരക്കുമുണ്ടായതെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പടിക്കെട്ടിൽ നിന്ന ഒരാൾക്ക് വൈദ്യുതാഘാതം ഏറ്റെന്ന അഭ്യൂഹം ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ഏത് വഴി പുറത്തിറങ്ങണമെന്ന് അറിയാതെ കുഴങ്ങിയതോടെ പലരും തിരക്കിനിടയിൽ വീണുപോവുകയായിരുന്നു.