ഗില്ലിന് സെഞ്ചുറി; ഇന്ത്യയ്ക്ക് ലീഡ്
Sunday, July 27, 2025 8:09 PM IST
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ലീഡ്. രണ്ടാം ഇന്നിംഗ്സിൽ നായകൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ ലീഡ് നേടിയത്.
174 റണ്‍സിന് അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ നിലവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 316 റണ്‍സ് നേടി. ഇന്ന് തുടക്കത്തിൽ തന്നെ കെ.എൽ. രാഹുലിനെ (90) ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്ന് റണ്‍സ് മാത്രമാണ് ഇന്ന് രാഹുലിന് നേടാനായത്. രാഹുലിനു പിന്നാലെ ഗില്ലും മടങ്ങി. 238 പന്തിൽ 12 ഫോറുകളുടെ അകന്പടിയോടെ 103 റണ്‍സാണ് ഗിൽ നേടിയത്.
പിന്നീട് വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും ചേർന്ന് ചെറുത്തുനിൽപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഇരുവരും ബാറ്റിംഗ് തുടരുകയാണ്. ഒന്നാം ഇന്നിംഗ്സിൽ 311 റണ്‍സിന്റെ ലീഡ് വഴങ്ങിയശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്.