പരമ്പര പിടിക്കാൻ ഇംഗ്ലണ്ട്, ഒപ്പമെത്താൻ ഇന്ത്യ; ഓവലിൽ ഇന്നു ജീവന്മരണ പോരാട്ടം
Thursday, July 31, 2025 10:53 AM IST
ലണ്ടന്‍: കിയ ഓവലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിന് ഇറങ്ങും. ടെസ്റ്റ് ക്രിക്കറ്റിനെ ആവേശക്കൊടുമുടി കയറ്റിയ നാലു പോരാട്ടങ്ങള്‍ക്കുശേഷം, ക്ലൈമാക്സ് ഓവലില്‍.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ തെറ്റിച്ച്, ജയത്തോളം വിലമതിക്കുന്ന സമനില സ്വന്തമാക്കിയാണ് ശുഭ്മാന്‍ ഗില്ലിന്റെ ടീം ഇന്ത്യ ഓവലിലേക്കു വണ്ടികയറിയത്.
ലീഡ്സ്, ബിര്‍മിംഗ്ഹാം, ലോഡ്സ്, മാഞ്ചസ്റ്റര്‍ പോരാട്ടങ്ങള്‍ക്കുശേഷം ആന്ഡേഴ്സണ് - തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുടെ ഓളം ഓവലില്‍ എത്തിയിരിക്കുന്നു.
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ്, ജയത്തോടെ പരമ്പര 2-2 സമനിലയിലാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങളുടെ ഓവല്‍ പതിപ്പിനു തുടക്കമാകുക. പരമ്പരയില്‍ ഇംഗ്ലണ്ട് 2-1നു മുന്നിലാണ്. സോണി ടെന്‍ ചാനലുകളിലും ജിയൊഹോട്ട്സ്റ്റാറിലും മത്സരം തത്സമയം ലഭ്യമാണ്.
ബുംറ ഇല്ല; ഇന്ത്യക്ക് ഓപ്ഷന് കുറവ്
ഇംഗ്ലണ്ടിനെതിരേ നിര്‍ണായകമായ അഞ്ചാം ടെസ്റ്റിനായി ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനെ കണ്ടെത്താന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനു മുന്നില്‍ ഓപ്ഷനുകള്‍ കുറവ്. പേസ് ഓള് റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് എന്നിവര്‍ പരിക്കിനെത്തുടര്‍ന്ന് പരമ്പരയില്‍നിന്നു പുറത്താണ്. അധിക ജോലിഭാരം കണക്കിലെടുത്ത്, സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കേണ്ടിയും വരും.
ഇതിനു പുറമേ പേസ് ഓള് റൗണ്ടര്‍മാരായ ഷാര്‍ദുള്‍ ഠാക്കൂര്‍, അന്‍ഷുല്‍ കാംബോജ് എന്നിവരുടെ പ്രകടനം ആശാവഹമല്ല. ഷാര്‍ദുള്‍ ഠാക്കൂര്‍ രണ്ടു മത്സരം കളിച്ച് 27 ഓവര്‍ എറിഞ്ഞെങ്കിലും നേടിയത് രണ്ടു വിക്കറ്റ്. ബാറ്റ് കൈയിലെടുത്തപ്പോള്‍ മൂന്ന് ഇന്നിംഗ്സിലായി 46 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. അന്‍ഷുല്‍ കാംബോജ് ഒരു മത്സരത്തില്‍ 18 ഓവര്‍ എറിഞ്ഞ് നേടിയത് ഒരു വിക്കറ്റ് (1/89). ബാറ്റുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
കോറില്‍ മാറ്റമില്ല
ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്ശന്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് അഞ്ചാം ടെസ്റ്റിലേക്ക് എത്തുമ്പോള്‍ ടീം ഇന്ത്യയുടെ കോര്‍ സംഘം. ശേഷിക്കുന്ന അഞ്ച് സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമാത്രമാണ് ബാക്കിയുള്ളത്. കോര്‍ സംഘത്തില്‍ ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്‍ ഓള് റൗണ്ടര്‍മാരാണ്. ഇരുവരുടെയും സെഞ്ചുറിയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് സമനിലയാക്കാന്‍ ഇന്ത്യയെ പ്രധാനമായും സഹായിച്ചത്.
ജുറെല്‍, അര്‍ഷദീപ്, കുല്‍ദീപ്
ഋഷഭ് പന്തിനു പരിക്കേറ്റപ്പോള്‍ ലോഡ്സിലും ഓള്‍ഡ് ട്രാഫോഡിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തെത്തിയ ധ്രുവ് ജുറെല്‍ ഓവലില്‍ പ്ലേയിംഗ് ഇലവനില്‍ എത്തും. പിന്നീടുള്ള സുപ്രധാന ചോദ്യം നാലാം പേസറിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണോ എന്നതാണ്. നാലാം പേസറിനെ ഉള്‍പ്പെടുത്താന്‍ തീരുമാനമായാല്‍ ഷാര്‍ദുള്‍ ഠാക്കൂര്‍, അന്‍ഷുല്‍ കാംബോജ് എന്നിവരില്‍ ഒരാള്‍ എത്തും.
അതേസമയം, ഓവലില്‍ സ്പിന്നര്‍മാര്‍ക്കും റോളുണ്ടെന്നതിനാല് കുൽദീപ് യാദവിനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. അങ്ങനെയെങ്കില്‍ ഷാര്‍ദുള്‍, അന്‍ഷുല്‍ എന്നിവര്‍ പുറത്തിരിക്കും.
ബുംറയ്ക്കു വിശ്രമം അനുവദിക്കുന്നതോടെ അര്‍ഷദീപ് സിംഗ് ടെസ്റ്റ് അരങ്ങേറ്റം നടത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ മുഹമ്മദ് സിറാജ്, ആകാഷ് ദീപ്, അര്‍ഷദീപ് സിംഗ് എന്നിവര്‍ ഇന്ത്യയുടെ പേസ് ആക്രമണം നയിക്കും.
ഫ്ളാറ്റ് വിക്കറ്റ്
ഓവലിലേത് പാരമ്പര്യമായി ഫ്ളാറ്റ് വിക്കറ്റാണ്. അവസാന രണ്ടുദിനം സ്പിന്നര്‍മാര്‍ക്ക് അകമഴിഞ്ഞ പിന്തുണ ലഭിക്കുന്നതാണ് ഇതുവരെയുള്ള ചരിത്രം. അതേസമയം, ന്യൂബോളില്‍ പേസര്‍മാര്‍ക്കും ശോഭിക്കാം. റണ്ണൊഴുകുന്ന, ബാറ്റിംഗിന് അനുകൂല പിച്ചാണെന്നതാണ് യാഥാര്‍ഥ്യം.
ജൂണില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ സറെയും ഡര്‍ഹാമും തമ്മില്‍ ഇവിടെ നടന്ന മത്സരത്തില്‍ 1444 റണ്‍സ് പിറന്നു. ഒരു ട്രിപ്പിള്‍ അടക്കം ആറ് സെഞ്ചുറിയാണ് മത്സരത്തില്‍ കണ്ടത്.