ഇന്ത്യ മൂന്നാം സാന്പത്തിക ശക്തിയാകാനുള്ള പാതയിൽ; ട്രംപിന് മോദിയുടെ മറുപടി
Saturday, August 2, 2025 4:13 PM IST
ന്യൂഡൽഹി: ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ വർധന മൂലമുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉറച്ചു നിൽക്കുകയാണെന്നും രാജ്യം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറാനുള്ള പാതയിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യ തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘സ്വദേശി' ഉൽപ്പന്നങ്ങൾക്കായി ശക്തമായ പിന്തുണ നൽകുമെന്നും അത് മുന്നോട്ടുള്ള വഴിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇന്ത്യയെ "നിർജീവ സമ്പദ്വ്യവസ്ഥ’ എന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ആഗോളതലത്തിൽ അസ്ഥിരമായ അന്തരീക്ഷമായതിനാൽ എല്ലാ രാജ്യങ്ങളും അവരുടെ വ്യക്തിഗത താൽപ്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പത്തിക ശക്തിയായി മാറുന്നതിനാൽ സാമ്പത്തിക താൽപ്പര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ നല്ലതിനായി സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി കാണാൻ ആഗ്രഹിക്കുന്നവർ ഏത് രാഷ്ട്രീയ പാർട്ടിയായാലും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് ‘സ്വദേശി' ഉൽപ്പന്നങ്ങൾക്ക് പൂർണ പിന്തുണ നൽകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കാർ നിർമിക്കുന്ന വസ്തുക്കൾ മാത്രമേ ഞങ്ങൾ വാങ്ങൂ. പ്രാദേശികതയ്ക്കായി നമ്മൾ ശബ്ദമുയർത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.