പി.കെ. ബുജൈറിന്റെ അറസ്റ്റ്: കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും പി.കെ. ഫിറോസ്
Sunday, August 3, 2025 4:47 PM IST
കോഴിക്കോട്: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരൻ പി.കെ ബുജൈറിന്റെ അറസ്റ്റിലായ കേസിൽ ഇടപെടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്.തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും ഫിറോസ് പറഞ്ഞു.
പോലീസ് പിടികൂടിയ റിയാസ് സിപിഎം പ്രവർത്തകനാണെന്നും ഇയാളെ പ്രാദേശിക നേതാക്കൾ ഇറക്കി കൊണ്ടുപോയെന്നും പി.കെ ഫിറോസ് ആരോപിച്ചു. സഹോദരന്റെ അറസ്റ്റിൽ പി.കെ. ഫിറോസിനെതിരെ വ്യാപകമായി രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നതോടെയാണ് ഫിറോസ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയത്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആക്രമിച്ചുവെന്നതാണ് ചുമത്തിയ കുറ്റം.
"സഹോദരൻ നടത്തിയ കുറ്റകൃത്യത്തിന് തന്നെ പഴിചാരുന്നു. തന്റെ രാഷ്ട്രീയം വേറെ, സഹോദരന്റെ രാഷ്ട്രീയം വേറെയുമാണ്. തന്റെ രാഷ്ട്രീയത്തെ വിമർശിക്കുന്നയാളാണ് സഹോദരൻ.'-പി. കെ. ഫിറോസ് പറഞ്ഞു.
പൊലീസ് പിടികൂടിയ റിയാസ് തൊടുകയിൽ സിപിഎം പ്രവർത്തകനാണ്. റിയാസിനെ ഇന്നലെ തന്നെ വിട്ടയയച്ചു. സിപിഎം പ്രാദേശിക നേതാക്കൾ എത്തിയാണ് റിയാസിനെ ഇറക്കി കൊണ്ടുപോയത്. ലീഗ് പ്രവർത്തകർ ആരും തന്റെ സഹോദരനെ കാണാൻ പോയിട്ടില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. കുടുംബത്തിലെ ആരെങ്കിലും ചെയ്ത തെറ്റു കൊണ്ട് വായ അടപ്പിക്കാമെന്ന് കരുതേണ്ടെന്നും പി.കെ. ഫിറോസ് പറഞ്ഞു.
സഹോദരനെ രക്ഷിക്കാൻ ഇടപെട്ടിട്ടില്ല. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണം. സഹോദരൻ മുസ്ലീം ലീഗ് പ്രവർത്തകനല്ല. റിയാസ് സിപിഎം പ്രവർത്തകൻ ആണന്നെത് മറച്ചുവെക്കുകയാണ്. പോലീസ് നടത്തുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. ബുജൈർ എന്ത് കുറ്റകൃത്യം ചെയ്താലും മാതൃകാപരമായ ശിക്ഷ നൽകണമെന്നും പി.കെ. ഫിറോസ് പറഞ്ഞു.