ഗോണ്ട വാഹനാപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ
Sunday, August 3, 2025 5:11 PM IST
ലക്നോ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ കാർ കനാലിലേക്ക് മറിഞ്ഞ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തർപ്രദേശ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും നൽകും. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും പ്രധാനമന്ത്രി നൽകുമെന്ന് അറിയിച്ചു.
ഗോണ്ട ജില്ലയിൽ വാഹനം കനാലിലേക്ക് മറിഞ്ഞ് ഏഴ് കുട്ടികൾ ഉൾപ്പടെ 11പേരാണ് മരിച്ചത്. പൃഥ്വിനാഥ് ക്ഷേത്രത്തിലേക്ക് പോയ തീർഥാടക സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ബീന (35), കാജൽ (22), മഹാക് (12), ദുർഗേഷ്, നന്ദിനി, അങ്കിത്, ശുഭ്, സഞ്ജു വർമ, അഞ്ജു, അനുസൂയ, സൗമിയ എന്നിവരാണ് മരിച്ചത്. സീഗാവ്-ഖരഗൂപൂർ റോഡിൽ മൂർഗഞ്ച് പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം.
15പേരാണ് വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സരയു കനാലിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാനും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഉദ്യോഗസ്ഥരോട് നിർദേശിച്ചു.