ഗുരുഗ്രാമിൽ ലിവ് ഇൻ പങ്കാളിയെ യുവതി കുത്തിക്കൊന്നു
Sunday, August 3, 2025 6:52 PM IST
ന്യൂഡല്‍ഹി: ഗുരുഗ്രാമിൽ ലിവ് ഇന്‍ പങ്കാളിയായ 42-കാരനെ യുവതി കുത്തിക്കൊന്നു. ബലിയവാസ് സ്വദേശിയായ ഹരിഷാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഹരിഷിന്റെ ലിവ് ഇന്‍ പങ്കാളിയും അശോക് വിഹാര്‍ സ്വദേശിയുമായ യഷ്മീത് കൗറിനെ (27) അറസ്റ്റ് ചെയ്തു. ഹരിഷ് ഭാര്യയെയും മക്കളെയും കാണാന്‍ പോകുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിലാണ് യഷ്മീത് ഹരിഷിനെ
കുത്തിപ്പരിക്കേല്പിച്ചത്.
ഹരിഷും യഷ്മീതും ഒരുകൊല്ലത്തിലേറെയായി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഹരിഷ്, ഭാര്യയെയും മക്കളെയും കാണാന്‍പോകുന്നതിനെച്ചൊല്ലി യഷ്മീത് വഴക്കിടുക പതിവായിരുന്നെന്നാണ് വിവരം.
ശനിയാഴ്ചയും ഇത്തരത്തില്‍ വഴക്കുണ്ടാവുകയും യഷ്മീത് കത്തികൊണ്ട് ഹരിഷിനെ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അതേസമയം, കുത്തേല്‍ക്കുന്നതിന് തലേന്ന് ഹരിഷ് തന്നെ കാണാനെത്തിയിരുന്നെന്നും ഏഴുലക്ഷംരൂപ വാങ്ങി മടങ്ങിപ്പോയെന്നും ഹരിഷിന്റെ ബന്ധുവായ ഭരത് പറഞ്ഞു. വിജയ് എന്നയാളാണ് ഹരിഷിനെ കാറിലെത്തി കൂട്ടിക്കൊണ്ടുപോയത്.
തൊട്ടുപിറ്റേന്ന് രാവിലെ ഏഴുമണിയോടെ യഷ്മീത് തന്നെ വിളിക്കുകയും ഹരിഷ് മരിച്ചതായി അറിയിക്കുകയും ചെയ്തെന്നും ഭരത് കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായ യഷ്മീതിനെ പോലീസ് ചോദ്യംചെയ്യുകയാണ്. ഹരിഷിനെ കുത്താന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്.