പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
Sunday, August 3, 2025 10:05 PM IST
പത്തനംതിട്ട: മൈലപ്രയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ പെരുനാട് സ്വദേശി നന്ദു മോഹനൻ (27) ആണ് മരിച്ചത്.
അപകട ശേഷം കാറോടിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. കാറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ രണ്ട് പേരും കാറിൽ നിന്നിറങ്ങി ഓടുകയായിരുന്നു.
ഇവർ ഉപേക്ഷിച്ച് പോയ കാറിനകത്ത് മദ്യക്കുപ്പികളും ഗ്ലാസും വെള്ളവും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.
നന്ദു മോഹനന്റെ മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കാറിൽ നിന്ന് ഇറങ്ങിയോടിയവരെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.