ഓവൽ ടെസ്റ്റ്: റൂട്ടിനും ബ്രൂക്കിനും സെഞ്ചുറി; രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടം
Sunday, August 3, 2025 11:01 PM IST
ഓവൽ: ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിൽ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റുകൾ നഷ്ടമായി. നാലാം ദിനത്തിലെ മത്സരം അവസാനിപ്പിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. വിജയത്തിന് 35 റൺസ് മാത്രം അകലെയാണ് ഇംഗ്ലണ്ട്. നാല് വിക്കറ്റുകൾ വീഴ്ത്താനായാൽ ഇന്ത്യയ്ക്കും വിജയിക്കാം.
മഴയെ തുടർന്ന് ഇന്നത്തെ മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ജാമി സ്മിത്തും ജാമി ഓവർട്ടണും ആണ് ക്രീസിലുള്ളത്. സ്മിത്ത് രണ്ട് റൺസെടുത്തിട്ടുണ്ട്. ഓവർട്ടണ് റൺസൊന്നും എടുക്കാൻ സാധിച്ചിട്ടില്ല.
ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലേക്കെത്തിയത്. റൂട്ട് 105 റൺസും ബ്രൂക്ക് 111 റൺസും എടുത്തു. ഇന്ത്യയ്ക്ക് പ്രസിദ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും ആകാശ് ദീപ് ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 396 റണ്‍സിന് അവസാനിച്ചിരുന്നു. യശസ്വി ജയ്സ്വാള്‍ (118) സെഞ്ചുറി നേടി. നൈറ്റ് വാച്ച്മാനായി ക്രീസിലുണ്ടായിരുന്ന ആകാശ് ദീപ് (66), രവീന്ദ്ര ജഡേജ (53), വാഷിംട്ഗണ്‍ സുന്ദര്‍ (53) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ് അഞ്ച് വിക്കറ്റ് നേടി. ഗുസ് അറ്റകിന്സണ് മൂന്ന് വിക്കറ്റുണ്ട്. ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 224നെതിരെ ഇംഗ്ലണ്ട് 247 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.