ട്രെയിനിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം
Tuesday, August 19, 2025 2:51 AM IST
ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം. ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരെ ഉടൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. സംഭവത്തിനു മുൻപോ ശേഷമോ ഇവർ ചികിത്സ തേടിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ആശുപത്രികൾ അടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
ട്രെയിനിന്റെ S3, S4 കോച്ചുകളിൽ സഞ്ചരിച്ചവരുടെ പ്രാഥമിക വിവരങ്ങൾ ഇതിനോടകം പോലീസ് ശേഖരിച്ചിട്ടുണ്ട്. നേരത്തെ രണ്ട് സീറ്റുകളിൽനിന്ന് രക്തക്കറ കണ്ടെത്തിയിരുന്നു. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഭ്രൂണം മലയാളിയുടേത് അല്ലെന്നാണ് പ്രാഥമിക നിഗമനം.
ട്രെയിനിൽ വച്ച് സ്വാഭാവികമായി അബോർഷൻ സംഭവിച്ചതോ അല്ലെങ്കിൽ മെഡിസിൻ എടുത്ത ശേഷം അബോർഷൻ സമയത്ത് അതൊളിപ്പിക്കാൻ ട്രെയ്ൻ തെരഞ്ഞെടുത്തതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഓഗസ്റ്റ് 14ന് രാത്രിയാണ് സർവീസ് കഴിഞ്ഞ് എത്തിയ ധൻബാദ് എക്സ്പ്രസിന്റെ ശുചിമുറിയുടെ വേസ്റ്റ് ബിന്നിൽ നാല് മാസത്തോളം വളർച്ച എത്തിയ ഭ്രൂണം കണ്ടെത്തിയത്. ട്രെയിനിന്റെ ശുചിമുറിയിലും രക്തം കണ്ടതായി ശുചീകരണതൊഴിലാളി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആർത്തവ രക്തമോ മറ്റോ ആയിരിക്കുമെന്ന് കരുതി ശുചിമുറി വൃത്തിയാക്കി. മറ്റു അസ്വഭാവികത തോന്നിയിരുന്നില്ല. ഇതിന് ശേഷമാണ് ഭ്രൂണം വേസ്റ്റ് ബിന്നിൽ കണ്ടതെന്നും ശുചീകരണ തൊഴിലാളി നൽകിയ മൊഴിയിൽ പറയുന്നു.