ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ച് കൊലപ്പെടുത്തി; ഭാര്യ അറസ്റ്റിൽ
Wednesday, August 20, 2025 5:11 AM IST
ചെന്നൈ: ഉറങ്ങിക്കിടന്ന ഭർത്താവിനെ തിളച്ച എണ്ണ ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. തമിഴ്നാട് കൊളത്തൂരിനടുത്തുള്ള ലക്ഷ്മിപുരം സ്വദേശി കാദർ ബാഷ (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നിലവർ നിഷ (48) ആണ് അറസ്റ്റിലായത്.
കാദർ ബാഷ മദ്യപിച്ച് വീട്ടിലെത്തി നിഷയുമായി വഴക്കുണ്ടാക്കാറുണ്ട്. കഴിഞ്ഞ ഒമ്പതിനും വീട്ടിൽ വഴക്കുണ്ടായി. തുടർന്ന് കാദർ ബാഷ ഭാര്യയെ ആക്രമിച്ചു. പിറ്റേന്നു പുലർച്ചെ എണ്ണ ചൂടാക്കി ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിന്റെ മേൽ ഒഴിക്കുകയായിരുന്നു.
നിലവിളി കേട്ടെത്തിയ അയൽക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.