നിയമോപദേശം ലഭിച്ചു; ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്പീക്കർ പദവി ഒഴിയില്ല
Wednesday, August 20, 2025 5:56 AM IST
തിരുവനന്തപുരം: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്പീക്കർ പദവി ഒഴിയില്ല. ഇതു സംബന്ധിച്ച് പാർട്ടിക്ക് നിയമോപദേശം ലഭിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഡപ്യൂട്ടി സ്പീക്കർക്ക് രാഷ്ട്രീയമാകാം.
നിയമസഭയിൽ പോലും രാഷ്ട്രീയ ചർച്ച തുടങ്ങിവയ്ക്കുന്നത് ഡപ്യൂട്ടി സ്പീക്കറാണെന്നും സിപിഐ നേതാക്കൾ പറഞ്ഞു. ഡപ്യൂട്ടി സ്പീക്കർ ആയിരുന്നപ്പോഴും പാർട്ടിയുടെ സംസ്ഥാന കൗൺസിലിലും ദേശീയ കൗൺസിലിലും ചിറ്റയം ഗോപകുമാർ അംഗമായിരുന്നു. പരസ്യമായി പാർട്ടി പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
സ്പീക്കർ രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കുകയോ ഭാരവാഹിത്വം വഹിക്കുകയോ ചെയ്യാറില്ല. ഡപ്യൂട്ടി സ്പീക്കർക്ക് രാഷ്ട്രീയമാകാം. പൊതു രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാവുകയും രാഷ്ട്രീയ സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുകയും ചെയ്യുന്നവരാണ് ഇക്കാലമത്രയും ഡപ്യൂട്ടി സ്പീക്കർമാരായത്.
ജില്ലാ സെക്രട്ടറി പദവിയിലേക്ക് ഡപ്യൂട്ടി സ്പീക്കർ എത്തുന്നത് ആദ്യമായിട്ടാകാം. പക്ഷേ അങ്ങനെ പാടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും സിപിഐ വിലയിരുത്തുന്നു.