ഗാസ പിടിച്ചെടുക്കും: ആക്രമണം തുടർന്ന് ഇസ്രയേൽ; 60 മരണം
Wednesday, August 20, 2025 7:19 AM IST
ജറുസലേം: ഗാസ സിറ്റി പിടിക്കാനുള്ള ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ. വെടിനിർത്തൽ പുതിയ ശിപാർശകൾ ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രയേൽ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. ഇതിൽ 31 പേരും ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്.
ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 62,064 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയുടെ കിഴക്കൻ മേഖലയായ സെയ്തൻ വളഞ്ഞ ഇസ്രയേൽ ടാങ്കുകൾ പ്രദേശത്തെ 450 വീടുകൾ ബോംബുവച്ചു തകർത്തു. സബ്ര മേഖലയിലേക്ക് ഇസ്രയേൽ സൈന്യം നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്.
ഗാസയിലെ പട്ടിണി തടയാൻ ഇസ്രയേൽ ഒന്നും ചെയ്യുന്നില്ലെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം ഓഫീസ് കുറ്റപ്പെടുത്തി. പട്ടിണിമൂലം ചൊവ്വാഴ്ച മൂന്നു പലസ്തീൻകാർ കൂടി മരിച്ചു. ഖത്തറും ഈജിപ്തും മുൻകൈയെടുത്ത് തയാറാക്കിയ 60 ദിവസത്തെ വെടിനിർത്തൽ കരാർ ഹമാസ് തിങ്കളാഴ്ചയാണ് അംഗീകരിച്ചത്.