മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; മകൻ റിമാൻഡിൽ
Wednesday, August 20, 2025 10:14 AM IST
ഇടുക്കി: മകന്റെ മർദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു (57) മരിച്ച സംഭവത്തിൽ മകൻ സുധിഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 14നായിരുന്നു സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മധു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ച പുലർച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
മദ്യലഹരിയിൽ വീട്ടിലെത്തിയ സുധീഷ് അമ്മയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മധുവിന് പരിക്കേറ്റത്. ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്ത സുധിഷ് നിലവിൽ റിമാൻഡിലാണ്. മധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.