കടയ്ക്കൽ സംഘർഷം: സിപിഎം, കോൺഗ്രസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്തു
Wednesday, August 20, 2025 12:40 PM IST
കൊല്ലം: കടയ്ക്കലിൽ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന സംഘർഷത്തിൽ സിപിഎം, കോൺഗ്രസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനെ കുത്തിയ കേസിൽ അഞ്ച് കോൺഗ്രസ് നേതാക്കന്മാർക്കും കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയുമാണ് കേസ്. ആൻസർ അഹമ്മദ്, ഷംബി ഷമീർ, അമൽ തുമ്പമൺതൊടി, നിസാം, ഷമീർ കുമ്മിൾ എന്നിവർ അറസ്റ്റിലായി. ചിതറ സ്വദേശികളായ സുൽഫിക്കർ, സമീർ എന്നിവരെ റിമാൻഡ് ചെയ്തു.
അതേസമയം, കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ 24 സിപിഎം പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സുബലാൽ, കാർത്തിക്, വികാസ്, ദീപു, ഗഫൽ, ആർഎസ് ബിജു, പത്മകുമാർ, സഫീർ, ഷിബു തുടങ്ങിയവർക്കെതിരെയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം ഉണ്ടായത്. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വിഥുൻ വേണു(30)വിന്റെ വയറ്റിലാണ് കുത്തേറ്റത്. തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും കോൺഗ്രസ് നേതാവിന്റെ കടയും അടിച്ചുതകർത്തു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലയ്ക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.