ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: സി.പി. രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു
Wednesday, August 20, 2025 1:17 PM IST
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും പത്രിക സമർപ്പണത്തിന് അദ്ദേഹത്തിനൊപ്പമെത്തിയിരുന്നു.
പ്രധാന പത്രികയ്ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി.പി. രാധാകൃഷ്ണന് സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയാണ് ആദ്യത്തെ പത്രിക വരണാധികാരിക്ക് സമര്‍പ്പിച്ചത്.
പത്രികാ സമർപ്പണത്തിനു മുമ്പ് അദ്ദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചിരുന്നു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ വസതിയിൽ നടന്ന എൻഡിഎ ഫ്ളോർ ലീഡർമാരുടെ പ്രധാനയോഗത്തിലാണ് സി.പി. രാധാകൃഷ്ണനെ നാമനിർദേശം ചെയ്യാനുള്ള തീരുമാനം ഏകകണ്ഠമായി എടുത്തത്.
മുതിർന്ന ബിജെപി നേതാവും ഇപ്പോഴത്തെ മേഘാലയ ഗവർണറുമായ രാധാകൃഷ്ണനു വിപുലമായ രാഷ്ട്രീയജീവിതമുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന അദ്ദേഹം, നിയമനിർമാണ വൈദഗ്ധ്യത്തിനും സാമൂഹിക ശാക്തീകരണത്തോടുള്ള പ്രതിബദ്ധതയ്ക്കും പേരുകേട്ടയാളാണ്.
അടുത്ത മാസമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. പാർലമെന്റിൽ എൻഡിഎയുടെ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോൾ രാധാകൃഷ്ണനാണ് വിജയസാധ്യത.