രാജസ്ഥാനിൽ പാക് ചാരനെന്ന് സംശയിക്കുന്നയാൾ അറസ്റ്റിൽ
Wednesday, August 20, 2025 4:16 PM IST
ജയ്പുർ: രാജസ്ഥാനിൽ പാക്കിസ്ഥാൻ ചാരനെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. സങ്കട സ്വദേശിയായ ജിവൻ ഖാൻ (30) എന്നയാളെ മിലിട്ടറി ഇന്റലിജൻസ് (എംഐ) ജയ്സാൽമീറിൽ നിന്നാണ് പിടികൂടിയത്.
പിന്നീട് ഇയാളെ കോട്വാലി പോലീസിന് കൈമാറി. ജയ്സാൽമീറിലെ സൈനിക മേഖലയ്ക്കുള്ളിലെ ഒരു റസ്റ്റോറന്റിൽ ജീവൻ ഖാൻ ജോലി ചെയ്തിരുന്നു. ചൊവ്വാഴ്ച ആർമി സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിൽ വച്ച് ഇയാളെ തടഞ്ഞിരുന്നു.
തുടർന്ന് ജീവൻ ഖാന്റെ മൊബൈൽ ഫോൺ പരിശോധിക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പാക്കിസ്ഥാനിൽ തനിക്ക് ബന്ധുക്കളുണ്ടെന്ന് ഇയാൾ മൊഴി നൽകി.
ജീവൻ ഖാനെ ജോയിന്റ് ഇന്ററോഗേഷൻ സെന്ററിൽ (ജെഐസി) ഹാജരാക്കും. ഇവിടെ ഒന്നിലധികം സുരക്ഷാ ഏജൻസികൾ ഇയാളെ ചോദ്യം ചെയ്യുമെന്നാണ് സൂചന.