കേരള ക്രിക്കറ്റ് ലീഗ്: ട്രിവാൻഡ്രം റോയൽസിനെതിരെ കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിന് ജയം
Saturday, August 30, 2025 8:03 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സിന് ജയം. 13 റൺസിനാണ് ഗ്ലോബ് സ്റ്റാഴ്സ് വിജയിച്ചത്.
ഗ്ലോബ് സ്റ്റാഴ്സ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ട്രിവാൻഡ്രം റോയൽസിന് 173 റൺസ് എടുക്കാനെ സാധിച്ചുള്ളു. 34 റൺസെടുത്ത സഞ്ജീവ് സതെരേശനും 25 റൺസെടുത്ത റിയ ബഷീറും 23 റൺസെടുത്ത ബേസിൽ തമ്പിയും പൊരുതിയെങ്കിലും ട്രിവാൻഡ്രം റോയൽസിനെ വിജയിപ്പിക്കാനായില്ല.
ഗ്ലോബി സ്റ്റാഴ്സിന് വേണ്ടി അഖില്‍ സ്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. എം.യു. ഹരികൃഷ്ണനും ഇബ്നുൽ അഫ്താബും രണ്ട് വിക്കറ്റ് വീതവും മനു കൃഷ്ണനും സുധീഷൻ മിഥുനും ഓരോ വിക്കറ്റ് വീതം എടുത്തു.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്സ്റ്റാര്‍സ് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 186 റണ്‍സ് നേടിയത്. 26 പന്തില്‍ പുറത്താവാതെ 86 റണ്‍സ് അടിച്ചെടുത്ത സല്മാന് നിസാറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും 51 റൺസെടുത്ത മരുതുംഗൽ അജിനാസിന്റെ അർധസെഞ്ചുറിയുടെയും മികവിലാണ് ഗ്ലോബ് സ്റ്റാഴ്സ് മികച്ച സ്കോർ പടുത്തുയർത്തിയത്.
ഏഴ് മത്സരങ്ങളില്‍ റോയല്‍സിന്റെ ആറാം തോല്‍വിയാണിത്. ഗ്ലോബ് സ്റ്റാഴ്സിന്റെ നാലാം ജയവും.