കെഎസ്ആർടിസി ബസിൽ വിദ്യാർഥികളുടെ അപകടയാത്ര; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Saturday, August 30, 2025 10:48 PM IST
കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ കെഎസ്ആർടിസി ബസിൽ അപകടകരമായി സഞ്ചരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയില്‍നിന്ന് വാടകയ്ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസൻസാണ് എൻഫോഴ്സ്മെന്റ് ആര്‍ടിഒ താൽക്കാലികമായി റദ്ദ് ചെയ്തത്.
ഇതിനുപുറമേ ഡ്രൈവർക്ക് ഐഡിടിആർ പരിശീലനവും നിർദേശിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി വാഹനം ഓടിച്ചിരുന്നവരെ ഹാജരാക്കാൻ നിർദേശവും നൽകി. ഈ വാഹനങ്ങൾ ഓടിച്ചവരുടെ ലൈസൻസിലും നടപടിയുണ്ടാവും.
മൂവാറ്റുപുഴയിലെ ഇലാഹിയ എൻജിനീയറിംഗ് കോളജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ആൺകുട്ടികളും പെൺകുട്ടികളും ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെ യാത്ര ചെയ്തുള്ള ഘോഷയാത്ര സംഘടിപ്പിച്ചത്.
ബസിന്റെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്ന സ്വകാര്യ വാഹനങ്ങളിലും സമാനരീതിയിലായിരുന്നു വിദ്യാർഥികളുടെ യാത്ര. ഇത് സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായതോടെ ഗതാഗത നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്ന പരാതികൾ ഉയർന്നിരുന്നു.