ജപ്പാൻ സന്ദർശനത്തിനുശേഷം മോദി ചൈനയിൽ എത്തി, മോദി - ഷി ജിൻപിംഗ് ചർച്ച ഇന്ന്
Sunday, August 31, 2025 12:32 AM IST
ബിജിംഗ്: പ്രധാന മന്ത്രി നരേന്ദ്രമേദി ഏഴു കൊല്ലത്തിനുശേഷം ചൈനീസ് മണ്ണിൽ കാലുകുത്തി. നാളെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി നരേന്ദ്ര മോദി ചർച്ച നടത്തും. ഷാങ്ഹായി സഹകരണ ഉച്ചകോടിയുടെ ഭാഗമായ വിരുന്നിൽ മോദി ഇന്ന് പങ്കെടുക്കും. നാളെ രാവിലെ മോദി ഉച്ചകോടിയിൽ സംസാരിക്കും. റഷ്യൻ പ്രസിഡന്റ് വ്ളോദിമിർ പുടിനുമായി മോദി നാളെ ചർച്ച നടത്തും.
ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി വ്യക്തമാക്കി. ജപ്പാൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് മേദി ചൈനയിലെത്തിയത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെറു ഇഷിബ മോദിക്ക് ഉച്ചവിരുന്ന് നൽകി. ഇന്ത്യൻ സംസ്ഥാനങ്ങളുടെ വികസനത്തിന് ജപ്പാന് ഏറെ സംഭാവന നൽകാനാകുമെന്ന് വിവിധ പ്രവിശ്യകളുടെ ഗവർണർമാരുമായുള്ള കൂടിക്കാഴ്ചയിൽ മോദി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ കാണും. 45 മിനിറ്റ് കൂടിക്കാഴ്ചയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള നീക്കങ്ങൾ ഇരു നേതാക്കളും വിലയിരുത്തും. തീരുവ അടക്കം വ്യാപാര രംഗത്തെ വിഷയങ്ങൾ ഉയർന്നുവരാനാണ് സാധ്യത. അമേരിക്കൻ തീരുവ നേരിടാൻ സമുദ്രോത്പന്നങ്ങൾ അടക്കം ചൈനയിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യത കൂടിക്കാഴ്ചയിൽ ഇന്ത്യ ആരായും.