ഭാര്യയെയും ഭാര്യാമാതാവിനെയും കത്രിയ ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Sunday, August 31, 2025 1:35 AM IST
ന്യൂഡൽഹി: കത്രിയ ഉപയോഗിച്ച് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കുസും സിൻഹ (63), മകൾ പ്രിയ സേഗൽ (34) എന്നിവരെ കൊലപ്പെടുത്തിയ യോഗേഷ് സേഗൽ (36) ആണ് അറസ്റ്റിലായത്. ഇരുവരെയും കത്രിയ ഉപയോഗിച്ച് യോഗേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഡൽഹിയിലെ രോഹിണിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. ഈ മാസം 28ന് യോഗേഷിന്റെയും പ്രിയയുടെയും മകന്റെ ജന്മദിനാഘോത്തിനെത്തിയ കുസും നൽകിയ സമ്മാനത്തെച്ചൊല്ലി യോഗേഷും പ്രിയയും തമ്മിൽ തർക്കമുണ്ടായതായി പോലീസ് പറഞ്ഞു. ഇതേത്തുടർന്നുള്ള തർക്കമാണ് കുത്തിക്കൊലയിൽ കലാശിച്ചത്.
ശനിയാഴ്ച രാവിലെ കുസുമിനെയും പ്രിയയെയും ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതിനെതുടർന്ന് കുസുമിന്റെ മകൻ മേഘ് സിൻഹ രോഹിണിയിലെ സെക്ടർ -17ലുള്ള ഫ്ലാറ്റിലെത്തിയപ്പോഴാണ് വാതിലിനു സമീപം രക്തക്കറകൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെയും സഹോദരിയെയുമാണ് കണ്ടത്. യോഗേഷിനെയും രണ്ടു മക്കളെയും ഫ്ലാറ്റിൽ കണ്ടതുമില്ല. പോലീസ് നടത്തിയ തെരച്ചിലിൽ യോഗേഷിനെ പിടികൂടി. ഫ്ലാറ്റിൽനിന്ന് രക്തം പുരണ്ട വസ്ത്രങ്ങളും കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്രികയും പോലീസ് കണ്ടെടുത്തു. യോഗേഷിനൊപ്പമുണ്ടായിരുന്ന മക്കളെ പോലീസ് ഷെൽട്ടർ ഹോമിലേക്ക് മാറ്റി.