തീപിടിത്ത മുന്നറിയിപ്പ്; എയർഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
Sunday, August 31, 2025 10:28 AM IST
ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി.
ഡൽഹി- ഇൻഡോർ എയർഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതമാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
ഞായറാഴ്ച ഇൻഡോറിലേക്ക് പോയ വിമാനം പറന്നുയർന്ന് അൽപ്പസമയത്തിനുള്ളിൽ തന്നെ ഡൽഹിയിൽ തിരിച്ചെത്തി. എൻജിനിൽ നിന്ന് പൈലറ്റിന് തീപിടുത്തത്തിന്റെ സൂചന ലഭിച്ചതിനെ തുടർന്നാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ച് പറന്നത്.
എയർ ഇന്ത്യയുടെ AI2913 വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ ഡൽഹിയിലേക്ക് മടങ്ങിയത്. പരിശോധനയ്ക്കായി വിമാനം നിർത്തിവച്ചിരിക്കുകയാണെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റുകയാണെന്നും എയർഇന്ത്യ അറിയിച്ചു.
ഇൻഡോറിലേക്ക് ഉടൻ മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകി സർവീസ് നടത്തുന്നുണ്ടെന്നും എയർ ഇന്ത്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
എൻജിനിൽ തീപിടുത്തമുണ്ടായതായി കോക്ക്പിറ്റ് ജീവനക്കാർക്ക് സൂചന ലഭിച്ചതോടെയാണ് തിരിച്ച് പറക്കാൻ തീരുമാനിച്ചതെന്ന് എയർ ഇന്ത്യ അറിയിച്ചു. സാധാരണ നടപടിക്രമങ്ങൾ പാലിച്ച്, കോക്ക്പിറ്റ് ക്രൂ എൻജിൻ ഓഫ് ചെയ്യാൻ തീരുമാനിച്ച് ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു.
വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും എയർഇന്ത്യ പ്രസ്താവനയിൽ പറയുന്നു.