അന്വേഷണം നടത്തിയതിന് ശേഷമായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നത്; രാഹുലിനെ തള്ളാതെ ആയിഷ പോറ്റി
Sunday, August 31, 2025 11:50 AM IST
തിരുവനന്തപുരം: ലൈംഗീക ആരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ സിപിഎം നേതാവും മുൻ എംഎൽഎയുമായ ആയിഷ പോറ്റി. രാഹുലിനെതിരായ പരാതികളുടെ ആധികാരികത കൂടി പരിശോധിക്കണമെന്നും ആയിഷ പോറ്റി ആവശ്യപ്പെട്ടു.
ഏത് പാർട്ടിയിൽപ്പെട്ട ആളായാലും ഏത് മനുഷ്യനെ കുറിച്ചാണെങ്കിലും ഇത്തരം ആരോപണം വരുമ്പോൾ അതിന്റെ ഉള്ളടക്കം സത്യമാണോയെന്ന് പരിശോധിക്കണം. നിയമം എല്ലാവർക്കും ഒരുപോലെ വേണം.
രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി കണ്ടു. അന്വേഷണം നടത്തിയതിന് ശേഷമായിരുന്നു നടപടി സ്വീകരിക്കേണ്ടത്. ഉന്നയിക്കപ്പെടുന്ന പരാതികൾക്ക് തെളിവുകൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കണം.
പറയാനുള്ള കാര്യങ്ങൾ അപ്പോൾതന്നെ പറയേണ്ടേ?. എന്തിനാണ് മൂടിവയ്ക്കുന്നത്.അടിസ്ഥാനരഹിതമായി പറയുന്ന ആരോപണങ്ങളുടെ പേരിൽ നടപടിയെടുക്കരുത്. പരാതികളുടെ ആധികാരികത പരിശോധിക്കണമെന്നും ആയിഷ പോറ്റി വ്യക്തമാക്കി.