സ്വപ്ന പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്; തുരങ്കപാത മലയോര മേഖലയുടെ വികസനത്തിനു വഴിയൊരുക്കും: മുഖ്യമന്ത്രി
Sunday, August 31, 2025 5:35 PM IST
താമരശേരി: കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ - കള്ളാടി തുരങ്കപ്പാതയുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. പല എതിർപ്പുകളും മറികടന്നാണ് വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നത്.
തുരങ്കപാത 60 മാസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിതെളിയും. ടൂറിസം, കാര്‍ഷിക, വ്യാപാര മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിനും ഇത് വഴിയൊരുക്കും.
താമരശേരി ചുരത്തിലെ ഹെയര്‍പിന്‍ വളവുകളില്‍ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാര്‍ഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വഴി 2,134 കോടി രൂപ ചെലവില്‍ നാലുവരിയായാണ് നിര്‍മാണം. കൊങ്കണ്‍ റെയില്‍വേ കോര്പറേഷന് ലിമിറ്റഡ് (കെആര്‍സിഎല്‍) ആണ് നിര്‍വഹണ ഏജന്‍സി. ഇരട്ട തുരങ്കങ്ങളായാണ് നിര്‍മാണം.
നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. 8.11 കിലോമീറ്ററാണ് തുരങ്കത്തിന്റെ ദൈര്‍ഘ്യം. ടണല്‍ വെന്റിലേഷന്, അഗ്നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിംഗ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.
ഞായറാഴ്ച വൈകുന്നേരം നാലിന് ആനക്കാംപൊയില്‍ സെന്റ്മേരീസ് സ്കൂള്‍ ഗ്രൗണ്ടിൽ നടത്തിയ ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, കെ.എന്‍. ബാലഗോപാല്‍, ഒ.ആര്.കേളു, എ.കെ.ശശീന്ദ്രന് തുടങ്ങിയവർ പങ്കെടുത്തു.