കേരള ക്രിക്കറ്റ് ലീഗ്; വിജയം തുടർന്ന് ഏരീസ് കൊല്ലം
Sunday, August 31, 2025 6:51 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ഏരീസ് കൊല്ലം സെയ്ലേഴ്സിന് ഏഴുവിക്കറ്റ് ജയം. സ്കോർ: ട്രിവാന്‍ഡ്രം 178/6, കൊല്ലം 181/3 (17.2). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ട്രിവാന്‍ഡ്രം നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങില്‍ കൊല്ലം 17.2 ഓവറിൽ ലക്ഷ്യം കണ്ടു. അര്‍ധ സെഞ്ചുറിയുമായി കളംനിറഞ്ഞ ഓപ്പണര്‍ അഭിഷേക് നായർ (46 പന്തില്‍ 60) കൊല്ലത്തിന് ജയം എളുപ്പമാക്കിയത്. ക്യാപ്റ്റന്‍ സച്ചിന് ബേബി (46), വിഷ്ണു വിനോദ് (33), ആഷിഖ് മുഹമ്മദ് (23) എന്നിവർ മികച്ച സംഭാവന നല്കി.

ട്രിവാന്‍ഡ്രത്തിനായി ടി.എസ്.വിനിൽ, വി.അജിത്, ആസിഫ് സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത ട്രിവാന്‍ഡ്രത്തിനായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദും (35) വിക്കറ്റ് കീപ്പര്‍ വിഷ്ണു രാജും (33) മികച്ച തുടക്കം നല്കി. എന്നാൽ തുടർന്നു വന്നവർക്ക് വലിയ സ്കോർ കണ്ടെത്താൻ കഴിയാതെ വന്നതാണ് തിരിച്ചടിയായത്.
എം.നിഖില്‍ (26), സഞ്ജീവ് സതരശന് (34), വി.അഭിജിത്ത് പ്രവീണ്‍ (20) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കൊല്ലത്തിനായി വിജയ് വിശ്വനാഥ് മൂന്നും ഏദന്‍ ആപ്പിളും എ.ജി.അമലും എന്‍.എസ്.അജയഘോഷും ഓരോ വിക്കറ്റ് വീഴ്ത്തി.
വിജയ് വിശ്വനാഥിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ജയത്തോടെ കൊല്ലം പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.