കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി
Sunday, August 31, 2025 7:12 PM IST
തിരുവനന്തപുരം: പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പ്ലസ്വൺ വിദ്യാർഥികളായ നബീൽ, അഭിജിത്ത് എന്നിവരെയാണ് കാണാതായത്
കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘം ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് കുളിക്കാനെത്തിയത്. ഇവരിൽ മൂന്നുപേർ തിരയിൽപ്പെടുകയായിരുന്നു. ഇതിൽ ആസിഫെന്ന വിദ്യാർഥിയെ രക്ഷപ്പെടുത്തി.
കഠിനംകുളം പോലീസിന്റെയും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും കഴക്കൂട്ടത്ത് നിന്നുള്ള അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിലേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു.