മഹാരാഷ്ട്രയിൽ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
Thursday, September 18, 2025 4:08 AM IST
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കെൽവ് റോഡ് സ്റ്റേഷനിൽ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു. ബുധനാഴ്ച വൈകുന്നേരം മുംബൈ സെൻട്രൽ-വൽസാദ് പാസഞ്ചർ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും വെസ്റ്റേൺ റെയിൽവേ (ഡബ്ല്യുആർ) അറിയിച്ചു.
59023 നമ്പർ മുംബൈ സെൻട്രൽ-വൽസാദ് ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ ഇലക്ട്രിക് ലോക്കോമോട്ടീവിൽ തീപിടിത്തമുണ്ടായെന്ന് പശ്ചിമ റെയിൽവേ വക്താവും പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകൾ നടത്തുന്നതിനുമായി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും സാങ്കേതിക ജീവനക്കാരും സ്ഥലത്തെത്തി.
മുംബൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് 6.10 നാണ് ട്രെയിൻ പുറപ്പെട്ടത്. 17 മിനിറ്റ് വൈകി 7.56ന് ട്രെയിൻ കെൽവ് റോഡ് സ്റ്റേഷനിൽ എത്തി. ഈ സമയമാണ് ജീവനക്കാർ തീ ശ്രദ്ധിച്ചത്. തുടർന്ന് പ്ലാറ്റ്ഫോമിൽ നിന്ന് നീങ്ങാൻ തുടങ്ങിയ ട്രെയിൻ ഉടൻ നിർത്തുകയായിരുന്നു. തുടർന്ന് റെയിൽവേ ജീവനക്കാരും യാത്രക്കാരും ചേർന്ന് തീയണച്ചു.