സതീശൻ അഹങ്കാരത്തിന് കൈയും കാലും വച്ച നേതാവ്: വെള്ളാപ്പള്ളി നടേശൻ
Thursday, September 18, 2025 12:53 PM IST
അടൂർ: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലിലാണെന്നും അദ്ദേഹത്തെപ്പോലെ അഹങ്കാരത്തിനു കൈയും കാലുംവച്ച ഒരു നേതാവിനെ കണ്ടിട്ടില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടൂരിൽ എസ്എൻഡിപി യൂണിയൻ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തിൽപെട്ടവർ അധികാരത്തിൽ വരണമെന്നതാണ് എസ്എൻഡിപിയുടെ ആഗ്രഹം. ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്നായപ്പോൾ ജാതി പറഞ്ഞ് അവരെ ആക്ഷേപിച്ചു. പിണറായിയെ ചെത്തുകാരന്റെ മകനെന്നു പറഞ്ഞ് ആക്ഷേപിച്ചപ്പോൾ താൻ ചെത്തുകാരന്റെ മകൻ തന്നെയാണെന്ന് ധൈര്യത്തോടെ പറഞ്ഞ പിണറായിയുടെ ഇമേജ് വർധിച്ചു വരുന്നത് അവരാരും മനസിലാക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഈഴവസമുദായത്തിൽ പെട്ടവർ കൂടുതലും തൊഴിലുറപ്പ് തൊഴിലാളികളാണ്. അതിനു മാറ്റമുണ്ടാകണം. ന്യൂനപക്ഷങ്ങൾക്കാണ് വാരിക്കോരി കൊടുക്കുന്നത്. എല്ലാ സമുദായത്തിൽ പെട്ടവർക്കും സാമൂഹ്യനീതി ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.