സമസ്തയുടെ നൂറാം വാർഷിക ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ
Thursday, September 18, 2025 12:57 PM IST
കോഴിക്കോട്: സമസ്തയുടെ നൂറാം വാർഷിക ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിട്ടില്ലെന്ന് സമസ്ത പ്രസിഡന്റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കാര്യം താൻ സംസാരിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് അദേഹം പറഞ്ഞു.
ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദിഖിയുടെ പ്രസ്താവന എന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്. പ്രധാനമന്ത്രിയോട് എന്താണ് പറയാനുള്ളതെന്ന് സിദ്ദിഖി ചോദിച്ചിരുന്നതായി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.
ചോദ്യത്തിന് മറുപടിയായി രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ ആശങ്കയിലാണെന്നും അതു പരിഹരിക്കാൻ നടപടിവേണമെന്നും ആവശ്യപ്പെട്ടിരുന്നതായും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
എന്നാൽ പ്രധാനമന്ത്രിയെ നേരിൽ കാണാൻ അവസരമൊരുക്കാമെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ സമസ്ത നൂറാം വാർഷികവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിനുശേഷം ആലോചിക്കാമെന്നുമാണ് മറുപടിനൽകിയതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.