ഓൺലൈനായി വോട്ട് നീക്കം ചെയ്യാൻ കഴിയില്ല; രാഹുൽ ഗാന്ധിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
Thursday, September 18, 2025 1:44 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ഓൺലൈനായിട്ട് വോട്ട് നീക്കം ചെയ്യാൻ കഴിയില്ല.
വോട്ട് നീക്കം ചെയ്യുന്നതിന് മുമ്പ് ആ വ്യക്തിക്ക് പറയാനുള്ളത് കേൾക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യാൻ വിഫലശ്രമങ്ങൾ നടന്നു. ഈ വിഷയം അന്വേഷണം നടക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
അലന്ദ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആറായിരത്തോളം പേരെ നീക്കിയതായി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരേയും രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു.
ഇതിനു മറുപടിയായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയത്. ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സംരക്ഷിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.