പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളെ ലക്ഷ്യമിട്ട് പുതിയ ധനസഹായ പദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1,000 രൂപ അലവൻസായി നൽകുന്നതാണ് പദ്ധതി.

തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് നിതീഷ് കുമാർ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ അഭിമാന പദ്ധതിയായി ഉയർത്തിക്കാട്ടുന്ന ഏഴ് നിശ്ചയ് പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

ബിരുദധാരികളായ 20നും 25നും ഇടയിൽ പ്രായമുള്ള തുടർപഠനം നടത്താൻ സാധിക്കാത്ത യുവാക്കൾക്കാണ് പദ്ധതി പ്രകാരം അലവൻസ് എന്ന നിലയിൽ പ്രതിമാസം ആയിരം രൂപ നൽകുക. ഇത്തരത്തിൽ രണ്ട് വർഷം വരെ ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാകും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് സർക്കാർ ജോലി നൽകുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും ഇതോടൊപ്പം സ്വകാര്യമേഖലയിൽ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി.

നിതീഷ് കുമാർ സർക്കാർ നേരത്തെ ഇത്തരത്തിൽ സംസ്ഥാനത്തെ നിർമാണ തൊഴിലാളികൾക്ക് 5,000 രൂപ സാമ്പത്തിക സഹായം നൽകിയിരുന്നു. അതേസമയം ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രകടനങ്ങളാണെന്നാണ് പ്രതിപക്ഷ ആരോപണം.