"സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്': കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി കെ. സുരേന്ദ്രൻ
Thursday, September 18, 2025 3:16 PM IST
തൃശൂര്‍: കലുങ്ക് സംവാദ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പിന്തുണച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരോക്ഷമായി വിമർശിച്ചും കെ. സുരേന്ദ്രൻ. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
സാധാരണക്കാര്‍ക്ക് ഉപകാരമാവുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്ട്രീയ നേതാക്കളും സുരേഷ്ഗോപിയെ മാതൃകയാക്കുകയാണ് വേണ്ടത്. ഇനി സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെയിരിക്കാനെങ്കിലും ശ്രമിക്കുകയെന്നതാണ് മര്യാദ. കലുങ്ക് സംവാദം പോലെ താഴെതട്ടിലുള്ള ജനങ്ങളുമായി അദ്ദേഹം ഇടപെടുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ചിലര്‍ക്ക് ചൊറിച്ചില്‍ വരും. അത് പൊട്ടിയൊലിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇതൊക്കെ നമ്മള് എത്ര കണ്ടതാണ്- എന്നായിരുന്നു സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്.
സുരേഷ് ഗോപി എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.