ഗാസ സമാധാന പദ്ധതി; ചർച്ച വേണ്ടിവരുമെന്നു മധ്യസ്ഥരായ ഖത്തറും ഈജിപ്തും
Friday, October 3, 2025 6:31 AM IST
ജറുസലം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച ഗാസ സമാധാന പദ്ധതിയിൽ ചർച്ച വേണ്ടിവരുമെന്നു മധ്യസ്ഥരായ ഖത്തറും ഈജിപ്തും വ്യക്തമാക്കി. അറബ് രാജ്യങ്ങൾക്കിടയിൽ പദ്ധതിയെക്കുറിച്ച് അഭിപ്രായഭിന്നതയുണ്ടെന്ന സൂചനയാണിത് നൽകുന്നത്.
പദ്ധതിയോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘർഷം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതി അംഗീകരിക്കാൻ ഹമാസിനെ പ്രേരിപ്പിക്കാൻ ഖത്തറും തുർക്കിയുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നും ഹമാസ് പദ്ധതി നിരസിച്ചാൽ സംഘർഷം വ്യാപിക്കുമെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദെലത്തി പറഞ്ഞു.
ചർച്ച ചെയ്തശേഷം പ്രതികരണം അറിയാക്കമെന്നാണു ഹമാസ് വ്യക്തമാക്കിയിട്ടുള്ളത്. മൂന്നോ നാലോ ദിവസത്തിനകം പദ്ധതിയിലെ വ്യവസ്ഥകൾ ഹമാസ് അംഗീകരിക്കണമെന്നാണു ട്രംപ് ആവശ്യപ്പെടുന്നത്.
ഹമാസ് ബന്ദികളെ മോചിപ്പിക്കണം, ഗാസയിൽ അധികാരമൊഴിയുകയും ആയുധം ഉപേക്ഷിക്കുകയും വേണം, പകരം തടവിലുള്ള പലസ്തീൻകാരെ ഇസ്രയേൽ വിട്ടയയ്ക്കും എന്നിവയാണ് പദ്ധതിയിലെ പ്രധാന വ്യവസ്ഥകൾ.