ഗാസ സഹായം; ഫ്ളോട്ടില ബോട്ടുകള്‍ പിടിച്ചെടുത്ത ഇസ്രയേൽ നടപടിക്കെതിരെ പ്രതിഷേധം
Friday, October 3, 2025 6:58 AM IST
ഗാസ സിറ്റി: ഗാസയിൽ സഹായമെത്തിക്കാനുള്ള ഗ്ലോബൽ സുമുദ് ഫ്ളോട്ടില ബോട്ടുകള്‍ പിടിച്ചെടുത്ത ഇസ്രയേൽ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. 46 രാജ്യങ്ങളിൽനിന്നുള്ള 450 ആക്ടിവിസ്റ്റുകളാണ് കഴിഞ്ഞ മാസം ആദ്യം ബാഴ്സലോണയിൽനിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടത്.
എന്നാൽ ഇവർ സഞ്ചരിച്ച കപ്പലുകളെല്ലാം ഒരെണ്ണമൊഴിച്ച് ഗാസ തീരത്തുനിന്ന് 300 കിലോമീറ്റർ ദൂരെവച്ച് ഇസ്രയേൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫ്ളോട്ടില ആക്ടിവിസ്റ്റുകളെ തടവിലാക്കിയ ഇസ്രയേല്‍ നടപടി നിയമവിരുദ്ധമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്നും ആനസ്റ്റി വിമർശിച്ചു.
ഫ്ളോട്ടില ബോട്ടുകള്‍ തടഞ്ഞതും ഗാസന്‍ തീരത്തുനിന്ന് അംഗങ്ങളെ തടവിലാക്കിയതും സമാധാനപൂര്‍വമായ മാനുഷിക ദൗത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ആംനസ്റ്റി സെക്രട്ടറി ജനറല്‍ ആഗ്നസ് കള്ളാമാര്‍ഡ് പറഞ്ഞു. സഹായവുമായെത്തിയ ബോട്ടുകള്‍ അന്താരാഷ്ട്ര സമുദ്രത്തില്‍നിന്നു പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭയും പ്രതികരിച്ചു.