വിരലുകൾ വെട്ടി, കൈത്തണ്ട മുറിച്ചു; മഹാരാഷ്ട്രയിൽ യുവാവിനെ മക്കളുടെ മുന്നിൽ വച്ച് ക്രൂരമായി കൊന്നു
Friday, October 3, 2025 10:44 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ബിസിനസ് തർക്കത്തെ തുടർന്ന് മക്കളുടെ മുന്നിൽവച്ച് പിതാവിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി.
ബുധനാഴ്ച ഛത്രപതി സംഭാജിനഗർ നഗരത്തിലെ റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. സയ്യിദ് ഇമ്രാൻ ഷഫീഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. മൂന്നും പതിമൂന്നും വയസുള്ള മക്കൾപ്പൊക്കം പുറത്ത് പോയപ്പോഴാണ് സയ്യിദിനെ ഒരു സംഘമാളുകൾ പിന്തുടർന്ന് ആക്രമിച്ചത്.
അക്രമികൾ സയ്യിദിന്റെ വിരലുകൾ വെട്ടിമാറ്റുകയും കൈത്തണ്ട മുറിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. മക്കൾക്കൊപ്പം ഓട്ടോയിൽ പോകുന്നതിനിടെ കാറിലെത്തിയ ഒരു സംഘമാളുകൾ സയ്യിദിനെയും കുട്ടികളെയും വാഹനത്തിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു.
കുട്ടികളുടെ മുന്നിൽ വച്ച് പ്രതികൾ സയ്യിദിനെ ആയുധങ്ങൾക്കൊണ്ട് ആക്രമിച്ചു. അക്രമികൾ ഷഫീഖിന്റെ വിരലുകൾ വെട്ടിമാറ്റി. വലതു കൈത്തണ്ട മുറിച്ചെടുത്തു. തലയിലും കഴുത്തിലും പലതവണ അടിച്ചു.
പിന്നീട് നിരവധി പ്രാവശ്യം കുത്തിയതിന് ശേഷം ഇയാളെ ഉപേക്ഷിച്ചുമടങ്ങുകയായിരുന്നു. ഗ്യാസ് ബിസിനസുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു.
മുഖ്യപ്രതിയായ മുജീബ് ഡോണിനെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ മറ്റ് രണ്ട് പേർ മുജീബിന്റെ സഹോദരൻ സദ്ദാം ഹുസൈൻ മൊയ്നുദ്ദീൻ, സഹോദരീഭർത്താവ് ഷെയ്ഖ് ഇർഫാൻ ഷെയ്ഖ് സുലൈമാൻ എന്നിവരാണെന്നും പോലീസ് അറിയിച്ചു.