കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി
Friday, October 3, 2025 3:10 PM IST
ബംഗളൂരു: കർണാടകയിൽ കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. ശിവമോഗയിലെ സർക്കാർ ആശുപത്രിയിലെ നഴ്സുമാരുടെ ക്വാർട്ടേഴ്സിലാണ് സംഭവം.
ശ്രുതി(38), പൂർവിക(12) എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന ശ്രുതിയുടെ ഭർത്താവ് രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ ആറാം ക്ലാസ് വിദ്യാർഥിനിയായ മകൾ പൂർവികയെ തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തി. സമീപത്ത് തൂങ്ങി മരിച്ചനിലയിൽ ശ്രുതിയുടെ മൃതദേഹം കണ്ടെത്തി.
ശ്രുതി മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിച്ചിരുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.