വിജയ്ക്ക് തിരിച്ചടി; ടിവികെ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി
Friday, October 3, 2025 6:38 PM IST
ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെയ്ക്ക് തിരിച്ചടി. ടിവികെ സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിന്റെയും ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെതാണ് ഉത്തരവ്. പാർട്ടിയിലെ രണ്ടാമൻ ആണ് ബുസി ആനന്ദ്.
അതേസമയം കരൂർ ദുരന്തത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ മദ്രാസ് ഹൈക്കോടതി നിയോഗിച്ചു. ടിവികെ അധ്യക്ഷൻ വിജയെ രൂക്ഷഭാഷയിൽ വിമര്‍ശിച്ച കോടതി കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമെന്നും നിരീക്ഷിച്ചു.
കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും കോടതി രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്ന് ചോദിച്ച കോടതി ശക്തമായി അപലപിക്കുന്നുവെന്നും നിരീക്ഷിച്ചു.
നേരത്തെ കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയത്.