കൈ മുറിച്ചുമാറ്റിയ സംഭവം: അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
Friday, October 3, 2025 8:03 PM IST
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
ചികിത്സാ പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം. സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചിരുന്നു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണ ചുമതല.
പാലക്കാട് പല്ലശന സ്വദേശിനിയായ വിനോദിനിക്കാണ് വലതുകൈ നഷ്ടമായത്. കുട്ടിയുടെ നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ഇവിടെവച്ച് കൈ മുറിച്ചുമാറ്റുകയുമായിരുന്നു.
സെപ്റ്റംബര്‍ 24-ന് വൈകീട്ട് വീട്ടില്‍ കളിക്കുന്നതിനിടെയാണ് വിനോദിനിക്ക് വീണ് കൈയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് കുടുംബം കുട്ടിയെ ആദ്യം ചിറ്റൂര്‍ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു.
കുട്ടിയുടെ കൈയില്‍ മുറിവും കൈയ്ക്ക് പൊട്ടലും ഉണ്ടായിരുന്നു. തുടര്‍ന്ന് മുറിവില്‍ മരുന്നുകെട്ടി അതിനുമേലെ പ്ലാസ്റ്ററിട്ടെന്നാണ് കുടുംബത്തിന്റെ പരാതി. കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല. പിന്നീട് വേദന സഹിക്കാനാവാതെ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പ്ലാസ്റ്റര്‍ അഴിച്ച് പരിശോധിച്ചു.
ഇതോടെയാണ് കൈയിലെ മുറിവ് പഴുത്ത് വല്ലാത്ത അവസ്ഥയിലായതെന്നും പിന്നീട് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതെന്നും കുടുംബം പറഞ്ഞിരുന്നു.