സ്വര്ണപ്പാളി വിവാദം: ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണമെന്ന് എം.ടി. രമേശ്
Friday, October 3, 2025 10:09 PM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായത് സുരക്ഷാവീഴ്ചയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റും രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
ലാഘവത്തോടെയാണ് മുഖ്യമന്ത്രിയും സർക്കാരും വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും രമേശ് പറഞ്ഞു. ശബരിമലയിലെ സ്വത്ത് കൈകാര്യം ചെയ്യാൻ സർക്കാരിനെക്കൊണ്ട് കഴിയില്ലെന്നും
മുഖ്യമന്ത്രിയുടെ മൗനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും രമേശ് പറഞ്ഞു.
"ദേവസ്വം വിജിലൻസ് മാത്രം അന്വേഷിക്കേണ്ട വിഷയമല്ല ഇത്. ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. തട്ടിപ്പുകാർക്ക് സിപിഎമ്മുമായും സർക്കാരുമായും ബന്ധമുണ്ട്.- രമേശ് ആരോപിച്ചു.
വിഷയത്തിൽ മന്ത്രിയും പ്രസിഡന്റും കൈ കഴുകാൻ ശ്രമിക്കുന്നുവെന്നും ഇവരുടെ ഓരോ വിശദീകരണങ്ങളും പുതിയ ദുരൂഹതകൾ ഉണ്ടാക്കുന്നുവെന്നും രമേശ് കൂട്ടിച്ചേർത്തു. അന്നത്തെ ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനുമെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്ക് കേസെടുക്കണമെന്നും എം.ടി. രമേശ് ആവശ്യപ്പെട്ടു.