വൃദ്ധജനങ്ങളെ ചേർത്തുപിടിക്കണം: മാർപാപ്പ
Saturday, October 4, 2025 12:30 AM IST
വത്തിക്കാൻ സിറ്റി: വാർധക്യം എല്ലാറ്റിനുമുപരിയായി ജീവിതത്തിന്റെ സാർവത്രിക ചലനാത്മകതയുടെ പ്രയോജനകരമായ ഓർമപ്പെടുത്തലാണെന്ന് ലെയോ പതിനാലാമൻ മാർപാപ്പ.
ഉത്പാദനക്ഷമതയെ മാത്രം അടിസ്ഥാനപ്പെടുത്തി ജീവിതത്തിന്റെ മൂല്യം നിർണയിക്കുന്നത് ശരിയല്ലെന്നും മറിച്ച് മനുഷ്യൻ എപ്പോഴും ആവശ്യങ്ങളുള്ള പരിമിതമായ ഒരു ജീവിയാണെന്നതു മറന്നുപോകരുതെന്നും മാർപാപ്പ പറഞ്ഞു.
അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രായമായവരുടെ അജപാലന ശുശ്രൂഷയെക്കുറിച്ചുള്ള രണ്ടാമത് അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപാപ്പ.
വാർധക്യം സൃഷ്ടിയുടെ അത്ഭുതത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയാനും ആ അവസ്ഥയിലെ ദുർബലതയെ അംഗീകരിച്ചുകൊണ്ട് അവരെ ആലിംഗനം ചെയ്യുവാനും ഏവർക്കും സാധിക്കണമെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു.
“നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും” എന്ന ജോയേൽ പ്രവാചകന്റെ ഗ്രന്ഥത്തിലെ വചനമാണു സമ്മേളനത്തിന്റെ പ്രമേയം. ഈ വചനം ഉദ്ധരിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം ആരംഭിച്ചത്.
വിഭജനങ്ങളും സംഘർഷങ്ങളും അടയാളപ്പെടുത്തുന്ന ഒരു കാലഘട്ടത്തിൽ, തലമുറകൾ തമ്മിലുള്ള ബന്ധങ്ങൾ ശിഥിലമാകുന്നുവെന്നത് സത്യമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. പ്രായമായവരുടെ വർധിച്ചുവരുന്ന എണ്ണം അഭൂതപൂർവമായ ഒരു ചരിത്ര പ്രതിഭാസവും വെല്ലുവിളിയുമാണ്. എന്നാൽ ഈ യാഥാർഥ്യത്തെ പുതിയ രീതികളിൽ വിവേചിക്കാനും മനസിലാക്കാനും നമുക്ക് സാധിക്കണമെന്നും മാർപാപ്പ പറഞ്ഞു.
വർഷങ്ങളോളം ജീവിച്ചവരും അവരുടെ അനുഭവങ്ങളും ജീവിതത്തിന്റെ മഹത്തായ സാഹസികത ആരംഭിക്കുന്നവർക്കു സഹായകമാകുമെന്ന വിലയിരുത്തലിൽ പ്രായം ചെന്നവരുടെയും യുവജനങ്ങളുടെയും കൂട്ടായ്മ ശക്തിപ്പെടുത്താൻ കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ലെയോ മാർപാപ്പ ചൂണ്ടിക്കാട്ടി.
പ്രായമായവർ ഒരു സമ്മാനമാണ്. സ്വാഗതം ചെയ്യപ്പെടേണ്ട ഒരു വരദാനമാണ്. ദീർഘായുസ് എന്നതു പോസിറ്റീവായ ഒന്നാണ്. തീർച്ചയായും, നമ്മുടെ കാലത്ത്, ലോകത്തെല്ലായിടത്തും അത് പ്രതീക്ഷയുടെ അടയാളങ്ങളിൽ ഒന്നാണ് -മാർപാപ്പ പറഞ്ഞു. റോം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന സമ്മേളനം ഇന്നു സമാപിക്കും.