മയക്കുമരുന്ന് കടത്ത്; എൻഎസ്ജി മുൻ കമാൻഡോ അറസ്റ്റിൽ
Friday, October 3, 2025 12:29 PM IST
പാറ്റ്ന: മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ എൻഎസ്ജി മുൻ കമാൻഡോ പിടിയിൽ. ബജ്റംഗ് സിംഗ് എന്നയാളാണ് രാജസ്ഥാനിൽ അറസ്റ്റിലായത്. സിക്കാർ നിവാസിയായ ഇയാൾ മുംബൈയിലെ 26/11 ഭീകരവിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്തിട്ടുണ്ട്.
കഞ്ചാവ് കള്ളക്കടത്ത് റാക്കറ്റിന്റെ മുഖ്യസൂത്രധാരനായിരുന്ന ബജ്റംഗ് സിംഗിനെ ബുധനാഴ്ച രാത്രി ചുരുവിൽ നിന്നാണ് പിടികൂടിയത്.
തെലങ്കാനയിൽ നിന്നും ഒഡീഷയിൽ നിന്നും രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തുന്നതിൽ സിംഗ് മുഖ്യ പങ്കാളിയായിരുന്നുവെന്ന് ഐജി വികാസ് കുമാർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത സമയം ഇയാളിൽ നിന്നും 200 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) മയക്കുമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സും (എഎൻടിഎഫ്) നടത്തിയ "ഓപ്പറേഷൻ ഗഞ്ജനി'യുടെ ഭാഗമായി രണ്ട് മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പത്താം ക്ലാസിനു ശേഷം ബജ്റംഗ് സിംഗ് പഠനം ഉപേക്ഷിച്ചിരുന്നു. എന്നാൽ ആറടി ഉയരവും ഉറച്ച ശരീരഘടനയുമുള്ള ബജ്റംഗ് സിംഗിനെ ബിഎസ്എഫിലെടുത്തു.
പഞ്ചാബ്, ആസാം, രാജസ്ഥാൻ, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തുടർന്നാണ് അദ്ദേഹത്തെ എൻഎസ്ജിയിലേക്ക് തെരഞ്ഞെടുത്തത്. ഏഴ് വർഷം അദ്ദേഹം എൻഎസ്ജി കമാൻഡോ ആയി സേവനമനുഷ്ഠിച്ചു. ഇക്കാലയളവിൽ 26/11 ഭീകരവിരുദ്ധ പ്രവർത്തനത്തിലും അദ്ദേഹം പങ്കെടുത്തു.