മഹാരാഷ്ട്രയിൽ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥൻ പിടിയിൽ
Wednesday, May 31, 2023 7:22 PM IST
പൂനെ: പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട തട്ടിപ്പുകാരനെ പൂനെ പോലീസ് പിടികൂടി. മഹാരാഷ്ട്രയിലെ ധുലെ സ്വദേശിയായ വാസുദേവ് നിവൃതി തൈഥൈ(51) ആണ് അറസ്റ്റിലായത്.
ഡോ. വിനയ് ഡിയോ എന്ന വ്യാജപേര് ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. താൻ പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനാണെന്നും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനുമാണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്.
ഔന്ധ് മേഖലയിൽ ഒരു എൻജിഒ നടത്തിയ സേവനപരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയ ഇയാൾ പിഎംഒ ഉദ്യോഗസ്ഥനാണെന്ന വാദം ആവർത്തിച്ചിരുന്നു. തൈഥൈയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പരിപാടിയുടെ സംഘാടകർ ജോലി സംബന്ധമായ ചില ചോദ്യങ്ങൾ ഇയാളോട് ചോദിച്ചിരുന്നു. ഇവയ്ക്ക് വ്യക്തമായ മറുപടി ലഭിക്കാതിരുന്നതോടെ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൈഥൈ പിടിയിലായത്. മുമ്പ് സിവിൽ സർവീസ് പരീക്ഷയിൽ പലവട്ടം പങ്കെടുത്തിട്ടുള്ള ഇയാൾ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച കേസിൽ നേരത്തെയും പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.