ന്യൂഡൽഹി: ഡല്‍ഹിയില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം റഷ്യയിൽ അടിയന്തരമായി ഇറക്കിയതിൽ പ്രതികരണവുമായി അമേരിക്ക. സംഭവം സൂക്ഷമമായി നിരീക്ഷിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് വേദാന്ത് പട്ടേൽ അറിയിച്ചു.

എൻജിൻ തകരാറിനെ തുടർന്ന് എയർഇന്ത്യയുടെ എഐ173 വിമാനമാണ് റഷ്യയിലെ മഗദാനിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

"യുഎസിലേക്ക് വരികയായിരുന്ന ഒരു വിമാനം റഷ്യയിൽ അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നതിനെക്കുറിച്ച് ഞങ്ങൾക്കറിയാം. ആ സാഹചര്യം സൂക്ഷമമായി നിരീക്ഷിക്കുകയാണ്. വിമാനത്തിൽ എത്ര യുഎസ് പൗരന്മാരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല. തീർച്ചയായും അതിൽ അമേരിക്കൻ പൗരന്മാർ ഉണ്ടാകാനാണ് സാധ്യത'- വേദാന്ത് പട്ടേൽ പറഞ്ഞു.

അതേസമയം, മറ്റൊരു വിമാനത്തില്‍ ഉടൻ തന്നെ മഗദാനിൽ നിന്നും സാന്‍ഫ്രാന്‍സിസ്കോയിലേക്ക് മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും മാറ്റുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. നിലവില്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജോലിക്കാരെയും മഗദാനിലെ പ്രാദേശിക ഹോട്ടലുകളിൽ താമസിപ്പിച്ചിരിക്കുകയാണ്.

യാത്രക്കാരെ സുരക്ഷിതമായി സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളോട് അധികാരികള്‍ എല്ലാ സഹകരണവും ചെയ്യുന്നുണ്ടെന്നും എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.